താലിബാന്‍ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുഎന്‍

0
108

കാബൂള്‍: താലിബാന്‍ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുഎന്‍.

ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖി ഹഖാനി, ഉപവിദ്യാഭ്യാസ മന്ത്രി സയിദ് അഹമ്മദ് ഷെയ്ദ്‌ഖെല്‍ എന്നിവര്‍ക്കാണ് വിലക്ക്. നയതന്ത്ര ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള യാത്രകള്‍ക്കായി താലിബാന്‍ ഭരണകൂടത്തിലെ 15 പ്രതിനിധികള്‍ക്കാണ് യുഎന്‍ വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. തിങ്കളാഴ്ച ഈ പദ്ധതിയുടെ കാലാവധി അവസാനിച്ചിരുന്നു. 13 പേര്‍ക്ക് പദ്ധതി അനുമതിയുടെ കാലാവധി നീട്ടി നല്‍കിയെങ്കിലും വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികളെ ഒഴിവാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെ താലിബാന്‍ ഭരണകൂടം എതിര്‍ക്കുന്ന സാഹചര്യത്തിലാണ് യുഎന്‍ സാങ്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സ്ത്രീകള്‍ക്ക് മേല്‍ വെച്ച കടുത്ത നിയന്ത്രണങ്ങളും യുഎന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവാലാണ് ബാക്കിയുള്ള 13 പേര്‍ക്ക് യാത്രാ വിലക്കില്‍ ഇളവ് നല്‍കിയത്.

2021 ആഗസ്റ്റില്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ താലിബാന്‍ നിഷേധിക്കുകയാണെന്ന് ആഗോള തലത്തില്‍ വിമര്‍ശനമുണ്ട്. രാജ്യത്ത് സ്ത്രീകള്‍ തനിച്ചുള്ള ദൂരയാത്രയ്ക്ക് നിലവില്‍ അനുമതിയില്ല. 72 കിലോമീറ്റര്‍ പരിധിക്കപ്പുറം ഒരു സ്ത്രീക്ക് സഞ്ചരിക്കണമെങ്കില്‍ കുടുംബത്തിലെ ഒരു പുരുഷന്റെ സാന്നിദ്ധ്യം അനിവാര്യമാണ്. അല്ലാത്ത പക്ഷം നിയമനടപടികളുണ്ടാവും. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.