ചൂടും പുകയും ഉയര്‍ന്നു, പിന്നാലെ ഒരു ശബ്ദം; മലപ്പുറത്ത് യുവാവിന്റെ ഐ ഫോണ്‍ പൊട്ടിത്തെറിച്ചു

0
62

മലപ്പുറം: കോക്കൂരില്‍ യുവാവിന്റെ കൈയിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം സ്വദേശി ബിലാലിന്റെ ഐ ഫോണ്‍ 6 പ്ലസാണ് പൊട്ടിത്തെറിച്ചത്.

മൊബൈല്‍ ദീര്‍ഘനേരമായി ഹാങ് ആയി നില്‍ക്കുന്നതിനാല്‍ യുവാവ് ഫോണ്‍ സര്‍വീസ് ചെയ്യാന്‍ നല്‍കാനായി പോക്കറ്റിലിട്ടു. ഫോണ്‍ വല്ലാതെ ചൂടാകാന്‍ തുടങ്ങിയതോടെ പോക്കറ്റില്‍ നിന്നും ബിലാല്‍ ഐ ഫോണ്‍ പുറത്തേക്കെടുത്തു. പെട്ടെന്ന് ചൂട് വല്ലാതെ കൂടുകയും ഫോണില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങുകയും ചെയ്തു.

പുക ഉയര്‍ന്നത് കണ്ട് പരിഭ്രാന്തനായി യുവാവ് ഫോണ്‍ ഉടന്‍ തന്നെ വലിച്ചെറിഞ്ഞു. അപ്പോള്‍ തന്നെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ബിലാല്‍ രക്ഷപ്പെട്ടത്. ബാറ്ററി തകരാറിലായതാകാം അപകടത്തിന് കാരണമെന്ന് യുവാവ് കരുതുന്നു.