വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവം: കേസെടുത്ത് പൊലീസ്

0
59

തിരുവനന്തപുരം: വൃക്ക മാറ്റിവയ്ക്കലിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സുരേഷിന്റെ ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയതായാണ് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചെങ്കിലും രാത്രി 9നു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സുരേഷ് മരിച്ചത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷം വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഏകോപനത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരായ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏകോപനത്തില്‍ വീഴ്ച ഉണ്ടായോ എന്നും ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.