നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന്

0
54

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നണ് പ്രോസിക്യൂഷൻ ആവശ്യം.

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അതിജീവിത ആവശ്യപ്പെട്ട പ്രകാരം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സർക്കാർ കോടതിയെ അറിച്ചിട്ടുണ്ട്. അതിജീവിതയുടെ ആശങ്ക അനാവശ്യമാണെന്ന വാദമാണെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിൽ നിന്ന് ചോർന്നതായും അതിജീവിത കോടതിയിൽ ആശങ്ക പങ്കുവെച്ചു. അതിജീവിതയുടെ പരാതിയിൽ കൂടുതൽ വാദങ്ങൾ ഇന്ന് നടക്കും. കേസിൽ കക്ഷി ചേർന്ന ദിലീപിൻ്റെ വാദങ്ങളും ഏറെ നിർണ്ണായകമാണ്.

നടി അക്രമിക്കപ്പെടുന്ന ദ്യശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി വിധിയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദവും ഇന്ന് നടക്കും. ഹാഷ് വാല്യു മാറിയത് കേസിനെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ ചോദിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ടിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന കോടതിയുടെ പരാമർശത്തിന് ഇന്ന് പ്രൊസിക്യൂഷൻ മറുപടി നൽകും. ഇരു ഹർജികളിലും വിശദമായ വാദം തന്നെ കോടതിയിൽ നടക്കും.