കോവിഡ് ചെറിയതോതിൽ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

0
86

ആലപ്പുഴ: കോവിഡ് ചെറിയതോതിൽ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോവിഡിന് നിലവിൽ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ ആശങ്കയുണ്ടാക്കുന്നതാകില്ല. എങ്കിലും, കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
പുതിയ വൈറസുകൾക്കും രോഗങ്ങൾക്കും കാലാവസ്ഥാവ്യതിയാനവും കാരണമാകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നതാണത്. ഗുണനിലവാരമുള്ള പരിശോധനകളുണ്ടാകണം. അതിനു മുഴുവൻ സ്ഥാപനങ്ങളും അംഗീകൃതമാക്കേണ്ടതുണ്ട്.
ഒരു ലാബിൽ പരിശോധിച്ച സാംപിൾ മറ്റൊരു ലാബിൽ പരിശോധിക്കുമ്പോൾ രണ്ടുതരത്തിലുള്ള റിപ്പോർട്ടുണ്ടാകാറുണ്ട്. അതുണ്ടാകാൻ പാടില്ല. കേരളത്തിൽ ആശുപത്രികൾക്കു നൽകുന്ന മാതൃകയിൽ ലാബുകൾക്കും അംഗീകാരം നൽകുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.