രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി

0
77

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ബിജെപി വക്താവ് സംബീത് പത്ര പറഞ്ഞു

‘ഈ രാജ്യത്ത് ആരും വിക്ടോറിയ രാജ്ഞിയോ രാജകുമാരനോ അല്ല, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. എല്ലാ അഴിമതിയും അന്വേഷിക്കും. നാഷണല്‍ ഹെറാള്‍ഡ് അഴിമതിയിലൂടെ രാജ്യത്തിന്റെ പണം ദുരുപയോഗം ചെയ്തതില്‍ ഒരു കുടുംബത്തിന്റെയും രാഹുലിന്റെയും പങ്കിനെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അറിയാം, അഴിമതി നടത്തിയാല്‍ അന്വേഷണം ഉണ്ടാകുന്നത് സ്വാഭാവികമാണ്’- സംബീത് പത്ര വ്യക്തമാക്കി

‘ഇഡി എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാണ്. അല്ലാതെ എന്ററ്റൈറ്റല്‍മെന്റ് ഡിമാന്റ് എന്നല്ലെന്ന് രാഹുല്‍ അറിയണം. കേസില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്’ – പത്ര പറഞ്ഞു.

രാഹുലിനെ നാലാംതവണയും ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍്ഗ്രസ് വക്താവ് അജയ് മാക്കന്‍ രംഗത്തുവന്നിരുന്നു. രാഹുലിനെ 30 മണിക്കൂറിലേറെയാണ് ഇഡി ചോദ്യം ചെയ്തത്. അത് പാര്‍ട്ടിയെയും അദ്ദേഹത്തെയും നിശബ്്ദമാക്കാന്‍ വേണ്ടി മാത്രമാണ് – കാരണം ഞങ്ങള്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും അധഃസ്ഥിതരുടെയും ശബ്ദമായി മാറുന്ന ഒറ്റക്കാരണത്താലാണ് ഞങ്ങള്‍ അക്രമിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിക്കപ്പെട്ടതുപോലെ രാജ്യത്ത് ഒരു ഓഫീസിന് നേരെയും ഇതുപോലെ ആക്രമണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാന്‍ വെള്ളിയാഴ്ച നോട്ടിസ് നല്‍കിയെങ്കിലും രാഹുല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചത്തേക്കു മാറ്റിയത്.

ചോദ്യം ചെയ്യല്‍ ആരംഭിക്കും മുന്‍പ് എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുന്‍വശം ബാരിക്കേഡ് വച്ച്‌ അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേഡുകള്‍ നീക്കൂവെന്നാണ് പൊലീസ് അറിയിപ്പ്. എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു.