അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം; ഇന്ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്

0
44

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്തിനകത്തും ശക്തിപ്രാപിക്കുകയാണ്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികളുടെ രാജ്ഭവനിലേക്കുള്ള പ്രതിഷേധമാര്‍ച്ച് മാര്‍ച്ച് ഇന്ന് നടക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാർച്ച് ഉദ്ഘാടനം ചെയ്യും.

അതേസമയം, രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അലയടിക്കുമ്പോഴും നാലുവര്‍ഷത്തേക്ക് മാത്രമായി ജവാന്‍മാരെ റിക്രൂട്ട് ചെയ്യുന്ന അഗ്‌നിപഥ് പദ്ധതിയില്‍നിന്ന് പിന്‍മാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യില്ലെന്ന് പ്രതിരോധമന്ത്രാലയത്തിലെ സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍ പുരി അറിയിച്ചു. അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് കര–നാവിക–വ്യോമ സേനകള്‍ തുടക്കമിട്ടു.

വ്യോമസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ 24ന് തുടങ്ങും. ജൂലൈ 26 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷയാണ്. ഡിസംബറോടെ ആദ്യ ബാച്ച് സജ്ജമാകും. ഇവരുടെ പരിശീലനം ഡിസംബര്‍ 30ന് ആരംഭിക്കും. ഞായറാഴ്ച പുറത്തുവിട്ട വ്യോമസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് അറിയിപ്പില്‍ യോഗ്യതാ വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലുവര്‍ഷ കാലയളവില്‍ ലഭിക്കുന്ന വേതനം, പിരിയുമ്പോള്‍ ലഭിക്കുന്ന സേവാനിധിയുടെ വിശദാംശങ്ങള്‍, ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചാല്‍ ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടപരിഹാരം, പരിക്കേറ്റാല്‍ ലഭിക്കുന്ന ധനസഹായം തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. നാവികസേനയില്‍ അഗ്നിവീറുകളുടെ പരിശീലനം നവംബര്‍ 21ന് ആരംഭിക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി അറിയിച്ചു. ഒഡിഷയിലെ ഐഎന്‍എസ് ചില്‍ക്കയിലാണ് പരിശീലനം. വനിതകളുമുണ്ടാകും.