രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും; രണ്ടും കൽപ്പിച്ച് കോൺ​ഗ്രസ്

0
81

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. മുഴുവന്‍ എംപിമാരോടും ഇന്ന് വൈകുന്നേരത്തോടെ ദില്ലിയിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് തടഞ്ഞാല്‍ എംപിമാരുടെ വീടുകളിലോ ജന്തര്‍മന്തറിലോ സമരം നടത്താനാണ് തീരുമാനം.
മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും രാജ്യസഭ , ലോക്സഭ അധ്യക്ഷന്മാര്‍ക്ക് പരാതി നല്‍കിയ എംപിമാര്‍ പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ  അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിന്  പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.