ന്യൂഡല്‍ഹി : ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.
പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി കവറുകള്‍, ഐസ്‌ക്രീം പാക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്‌റ്റൈറീന്‍ (തെര്‍മോക്കോള്‍), പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കട്ട്‌ലറികള്‍ എന്നിവ നിരോധിക്കുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍ എന്നിവയും നിരോധിക്കും.
നേരത്തെ, ഇത്തരം വസ്തുക്കളുടെ വിതരണം തടയാന്‍ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങള്‍ക്ക് സിപിസിബി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വില്‍പനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നേതൃത്വം നല്‍കുന്ന ഇ-കൊമേഴ്സ് കമ്ബനികള്‍ക്കും പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കള്‍ക്കും ഇത് നിര്‍ത്തലാക്കാനും സിപിസിബി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഇതിനിടെ ചെറിയ പായ്‌ക്ക് ജ്യൂസുകള്‍, ഫിസി ഡ്രിങ്കുകള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നീ പാനീയങ്ങളില്‍ പ്ലാസ്റ്റിക് സ്ട്രോകള്‍ ക്രമേണ ഒഴിവാക്കാന്‍ അനുവദിക്കണമെന്ന് വ്യവസായ അസോസിയേഷനുകള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പേപ്പര്‍ സ്ട്രോ പോലുള്ള ബദല്‍ ഇനങ്ങളുടെ ഇറക്കുമതി, ചെലവ് വര്‍ദ്ധന തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇളവ് ചോദിച്ചിരിക്കുന്നത്.