വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ച വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷം തടവുശിക്ഷ

0
88

ദുബൈ: ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ച വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷം തടവുശിക്ഷ. തൊഴിലുടമയായ സ്ത്രീയെ വീട്ടുജോലിക്കാരി മുടിയില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിച്ച് താഴെയിടുകയും വിരല്‍ ഒടിക്കുകയും ചെയ്തതായി കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി കണ്ടെത്തി.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് വീട്ടുജോലിക്കാരി തൊഴിലുടമയെ ആക്രമിച്ചത്. മുഷ്ടി ചുരുട്ടി ഇടിച്ചെന്നും നിലത്തിട്ട് മര്‍ദ്ദിച്ചെന്നും തന്റെ മക്കള്‍ ഓടിയെത്തിയാണ് ആക്രമണം നിര്‍ത്തിയതെന്നും തൊഴിലുടമ പറഞ്ഞു. 
തൊഴിലുടമയുടെ മക്കളാണ് ആംബുലന്‍സ് വിളിച്ചതും ദുബൈ പൊലീസില്‍ വിവരം അറിയിച്ചതും. തുടര്‍ന്ന് പ്രതിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. തൊഴിലുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ തൊഴിലുടമയക്ക് പരിക്കേറ്റതായും വിരല്‍ ഒടിഞ്ഞെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. തൊഴിലുടമയെ ആക്രമിച്ചത് വീട്ടുജോലിക്കാരി നിഷേധിച്ചു. തൊഴിലുടമ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയരക്ഷയ്ക്കായി പ്രതിരോധിച്ചതായിരുന്നു എന്നാണ് ഇവരുടെ വാദം. കോടതി വിധിച്ച ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയായ വീട്ടുജോലിക്കാരിയെ നാടുകടത്തും.