ദില്ലി: അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‍നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്ര സർക്കാർ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് കര, വ്യോമ സേനകൾ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. അതേസമയം പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. ജെഡിയു ഉൾപ്പെടെയുള്ള സഖ്യ കക്ഷികളും അഗ്നിപഥിനെതിരെ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പദ്ധതി അവതരിപ്പിച്ച രീതി ശരിയായില്ലെന്ന വിലയിരുത്തലാണ് ആർഎസ്എസിനുമുള്ളത്.