ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28-ന്

0
69

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28-ന്. ഹർജിയിൽ വിചരണ കോടതിയിലെ വാദം പൂർത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസൻ, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. 
എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ താനോ തന്‍റെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്‍റെ പക്കലില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വ്യക്തമാക്കി.മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും ഈ സമയം താൻ കൊവിഡ് ബാധിതനായിരുന്നുവെന്നും അഡ്വ. ബി രാമൻപിള്ള കോടതിയിൽ വാദിച്ചു.
അതേസമയം തുടരന്വേഷണത്തിന്‍റെ ഭാഗമായി ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.