സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ ഫണ്ട് സംബന്ധിച്ച കണക്ക് മഞ്ഞുമലയുടെ അരിക് മാത്രം

0
123

തിരുവനന്തപുരം: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ ഫണ്ട് സംബന്ധിച്ച കണക്ക് മഞ്ഞുമലയുടെ അരിക് മാത്രമാണെന്ന് തോമസ് ഐസക്.

ഓവര്‍ എന്‍വോയ്സിംഗ്, ബാങ്ക് കിട്ടാക്കടം, അഴിമതി എന്നിങ്ങനെ മൂന്നു മാര്‍ഗ്ഗേണയുള്ള കള്ളപ്പണം കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തിനുള്ളില്‍ ഗണ്യമായി കൂടിയിട്ടുണ്ട്. റഫേല്‍ വിമാന ഇടപാടുകള്‍പോലെ പല വിദേശ ഇടപാടുകളിലും ഭീമമായ അഴിമതിയുണ്ട്. നാട്ടിലെ അഴിമതിയുടെ പണം പലപ്പോഴും വിദേശത്താണു നല്‍കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണം പിടിച്ചെടുത്ത് ഒരോ ഇന്ത്യക്കാരന്റെ അക്കൌണ്ടിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി ഭരണം എട്ട് വര്‍ഷം പിന്നിടുമ്ബോള്‍ “സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ടുകള്‍ 50 ശതമാനം ഉയര്‍ന്ന് 30,000 കോടി രൂപയ്ക്കു മുകളില്‍ ആയിരിക്കുന്നു” വെന്നും ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തോമസ് ഐസക്കിന്റ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

“ഇന്ത്യയിലെ ഓരോ കുഞ്ഞിനും അറിയാം. എവിടെയാണ് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നതെന്ന്. ഇവ സ്വിസ് ബാങ്കുകളിലാണ്. നമുക്ക് ഇത് തിരിച്ചു കൊണ്ടുവരേണ്ടതില്ലേ?” നരേന്ദ്ര മോദി 2013 ഡിസംബര്‍ 22-ന് നടത്തിയ ട്വീറ്റാണ്. കള്ളപ്പണമായിരുന്നു തെരഞ്ഞെടുപ്പ് കാമ്ബയിനിലെ ഒരു താരം. കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കും എന്നായിരുന്നുവല്ലോ മറ്റൊരു പ്രഖ്യാപനം. ഇന്നിപ്പോള്‍ ഭരണം എട്ട് വര്‍ഷം പിന്നിടുമ്ബോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ തലവാചകം ഇതാണ് – “സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ടുകള്‍ 50 ശതമാനം ഉയര്‍ന്ന് 30,000 കോടി രൂപയ്ക്കു മുകളില്‍ ആയിരിക്കുന്നു”.

ഇന്ത്യാ സര്‍ക്കാരിന്റെ വിശദീകരണം സ്വിസ് ബാങ്കുകളിലെ ഡെപ്പോസിറ്റുകള്‍ മുഴുവന്‍ കള്ളപ്പണം അല്ലായെന്നാണ്. അതു ശരിയുമാണ്. അതുപോലെ തന്നെ മറ്റൊരു ശരികൂടിയുണ്ട്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ തുക ഇതിനേക്കാള്‍ അധികമായിരിക്കാനും സാധ്യതയുണ്ട്. കാരണം സ്വിസ് ബാങ്കുകളുടെ ഔദ്യോഗിക കണക്കുകളില്‍ ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ വഴി സ്വിസ് ബാങ്കുകളില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള തുകകള്‍ ഉള്‍പ്പെടുന്നില്ല. അവിതര്‍ക്കിതമായ ഒരു വസ്തുത അംഗീകരിച്ചേ പറ്റൂ. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ പണം 50 ശതമാനം ഉയര്‍ന്നു. ഇത് 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്.

2006-ല്‍ 6.5 ബില്യണ്‍ ഫ്രാങ്ക് ആയിരുന്നു ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. യുപിഎ ഭരണകാലത്ത് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഇത്തരം ഡെപ്പോസിറ്റുകള്‍ കുറഞ്ഞു. 2010-ല്‍ സ്വിസ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യക്കാരുടെ ഫണ്ടുകള്‍ 2.5 ബില്യണ്‍ ഫ്രാങ്ക് ആയി താഴ്ന്നു. ഇത് വിദേശത്തെ കള്ളപ്പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നാണ് ബിജെപി അന്നു വാദിച്ചത്. അവരുടെ കണക്കു പ്രകാരം വിദേശത്ത് 1.5 ലക്ഷം കോടി ഡോളറിന്റെ ഇന്ത്യന്‍ കള്ളപ്പണം ഉണ്ടെന്നായിരുന്നു. എന്നാല്‍ നോട്ട് നിരോധന മണ്ടത്തരത്തിനുശേഷം കള്ളപ്പണത്തെക്കുറിച്ച്‌ ബിജെപിക്ക് മിണ്ടാട്ടമില്ല.

2018-ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ടുകളെക്കുറിച്ച്‌ വിവരങ്ങള്‍ കൈമാറുന്നതിന് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പണ്ടത്തെപ്പോലെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ സൂക്ഷിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തുക കള്ളപ്പണം ആവാന്‍ സാധ്യത കുറവാണ് എന്നൊക്കെയാണു ബിജെപിയുടെ ന്യായീകരണം. പക്ഷേ എന്തുകൊണ്ടാണ് 50 ശതമാനം വര്‍ദ്ധന എന്നതിനു വിശദീകരണം അപ്പോഴുമില്ല.

പണ്ട് കള്ളപ്പണത്തില്‍ സിംഹപങ്കും സ്വിസ് ബാങ്കുകളില്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ട്. മൗറീഷ്യസ്, കെ-മാന്‍ ഐലന്റ് തുടങ്ങിയ സര്‍വ്വസ്വതന്ത്ര സാമ്ബത്തിക കേന്ദ്രങ്ങളിലേക്ക് കള്ളപ്പണം വഴി മാറിയിട്ടുണ്ട്. മൂന്നുതരത്തിലാണ് കള്ളപ്പണം വിദേശത്ത് ഉണ്ടാകുന്നത്.

ഒന്ന്, ഓവര്‍ എന്‍വോയ്സിംഗ്: കയറ്റുമതിയുടെ വില കുറച്ചു കാണിക്കുക. ഇറക്കുമതിയുടെ വില ഉയര്‍ത്തിവയ്ക്കുക. ഇവ വഴി വിദേശത്തു കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയിലെ ഇറക്കുമതി കമ്ബനിക്ക് ചെറിയ ലാഭമേ ഉണ്ടാവൂ. ബാക്കി ലാഭം മുഴുവന്‍ മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനികള്‍ക്കായിരിക്കും.

രണ്ട്, ബാങ്ക് കിട്ടാക്കടം: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പല കോര്‍പ്പറേറ്റുകളും കടമെടുത്ത് പണം വിദേശത്തേക്കു കടത്തുന്നു. പണം വായ്പയെടുത്ത സ്ഥാപനങ്ങള്‍ പൊളിയാന്‍ അനുവദിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇത്തരത്തില്‍ ബാങ്കുകള്‍ക്കു കുടിശികയുടെ ബാലന്‍സായി 2021-ല്‍ 5.7 ലക്ഷം കോടി രൂപയും ഇതുവരെ എഴുതിത്തള്ളിയ വകയില്‍ 10.3 ലക്ഷം കോടി രൂപയും ഉണ്ട്. ഈ 16 ലക്ഷം കോടി രൂപയില്‍ ഒരുപങ്ക് വിദേശത്താണ്.

മൂന്ന്, അഴിമതിപ്പണം: റഫേല്‍ വിമാന ഇടപാടുകള്‍പോലെ പല വിദേശ ഇടപാടുകളിലും ഭീമമായ അഴിമതിയുണ്ട്. നാട്ടിലെ അഴിമതിയുടെ പണം പലപ്പോഴും വിദേശത്താണു നല്‍കുന്നത്. ഈ മൂന്നു മാര്‍ഗ്ഗേണയുള്ള കള്ളപ്പണം കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തിനുള്ളില്‍ ഗണ്യമായി കൂടിയിട്ടുണ്ട്. അതുകൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ ഫണ്ട് സംബന്ധിച്ച കണക്ക് മഞ്ഞുമലയുടെ അരിക് മാത്രമാണ്.