‘ആനന്ദം’ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വീണ്ടും; കൗതുകമുണർത്തി ‘പൂക്കാലം’ പോസ്റ്റർ

0
85

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പൂക്കാലം’എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ യുവതാരങ്ങൾ പങ്കുവച്ചു. ‘വളർച്ചയുടെയും മാറ്റത്തിന്റെയും സ്നേഹത്തിന്റെയും സീസൺ’, എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഗണേഷ് രാജ് കുറിച്ചത്.

വൃദ്ധരായ രണ്ടുപേർ കട്ടിലുകളിൽ കിടക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. വിജയരാഘവൻ, കെ പി എ സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുരിയൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ്, തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആനന്ദ് സി ചന്ദ്രൻ ആണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് മിഥുൻ മുരളി നിർവഹിക്കും. സച്ചിൻ വാര്യർ ആണ് സംഗീതം. ഗണേശ് രാജിന്റെ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. വിശാഖ് നായർ , അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി,റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2016 ഒക്ടോബറിലാണ് ആനന്ദം പ്രദർശനത്തിനെത്തിയത്.