എസ്.യു.വികളുടെ രാജകീയ രൂപവുമായി മഹീന്ദ്ര സ്കോർപിയോ N; ഉടൻ വിപണിയിൽ

0
66

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന സ്കോർപിയോ N മോഡൽ ഉടൻ ഇന്ത്യൻ വിപണിയിൽ. ഈ മാസം 27-ന് ഈ വാഹനം തങ്ങളുടെ ആരാധകർക്ക് മുന്നിൽ കമ്പനി അവതരിപ്പിക്കും. വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഇന്റീരിയർ ചിത്രങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര. എസ്‌യുവികളുടെ ബിഗ് ഡാഡി എന്നാണ് മഹീന്ദ്ര പുത്തൻ സ്കോർപിയോയെ വിശേഷിപ്പിക്കുന്നതു തന്നെ. ചിത്രങ്ങൾ മാത്രമല്ല വാഹനത്തിന്റെ ഇന്റീരിയർ സൗന്ദര്യം വെളിപ്പെടുത്തുന്ന വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. രണ്ട് നിറങ്ങളിലാണ് വാഹനത്തിന്റെ അകം മനോഹരമാക്കിയിട്ടുള്ളത്. കറുപ്പും ബ്രൗണും നിറത്തിലാണ് സീറ്റുകളും ഡാഷ്‌ബോര്‍ഡുകളും ഒരുക്കിയിട്ടുള്ളത്.

എ.സി. വെന്റുകളിലും സെന്റര്‍ കണ്‍സോളിലും ഉള്‍പ്പെടെയുള്ള ഭാഗങ്ങൾക്ക് സില്‍വര്‍ ആക്‌സെന്റുകള്‍ നല്‍കിയും കമ്പനി വാഹനത്തെ രാജകീയമാക്കിയിട്ടുണ്ട്. ആദ്യ രണ്ട് നിരകളില്‍ ക്യാപ്റ്റന്‍ സീറ്റുകളും ആംറെസ്റ്റുകളും നല്‍കിയിട്ടുണ്ട്. മൂന്നാം നിര ബെഞ്ച് സീറ്റുകളുമാണ്. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, അഡ്രിനോക്‌സ് കണക്ടിവിറ്റി സംവിധാനം,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയോടൊപ്പം സോണിയുടെ 3ഡി സൗണ്ട് സംവിധാനവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡാഷ്‌ബോര്‍ഡില്‍ ലെതര്‍ ഉപയോ​ഗിച്ച് നൽകിയിട്ടുള്ള സ്‌കോര്‍പിയോ എന്‍ ബാഡിജിങ്ങ് എന്നിവ സ്കോർപിയോ Nന്റെ അകത്തളം മനോഹരമാക്കുന്നു.

എല്‍.ഇ.ഡി. ട്വിന്‍പോഡ് പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, സി ഷേപ്പില്‍ ഒരുക്കിയിരിക്കുന്ന എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, പവര്‍ ലൈനുകള്‍ ഉൾപ്പെടുത്തിയിരിക്കുന്ന ബോണറ്റ് എന്നിവ വാഹനത്തിന് എസ്.യു.വിയുെട രാജകീയ രൂപം നൽകുന്നു. പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന 18 ഇഞ്ച് അലോയി വീലുകൾ, റിയര്‍വ്യൂ മിറര്‍ എന്നിവ സ്‌കോര്‍പിയോ കൂടുതൽ മനോഹരമാക്കുന്നു. അതേസമയം സ്‌കോര്‍പിയോ എന്‍ മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മഹീന്ദ്രയുടെ തന്നെ ഏറെ ആരാധകരുള്ള ഥാര്‍, എക്‌സ്.യു.വി 700 തുടങ്ങിയ വാഹനങ്ങളുടെ എന്‍ജിനും ട്രാന്‍സ്മിഷന്‍ സംവിധാനവുമായിരിക്കും സ്‌കോര്‍പിയോ Nലും നൽകിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടറുകൾ. എംഹോക്ക്, എംസ്റ്റാലിന്‍ എന്‍ജിനുകള്‍ മാത്രമായിരിക്കില്ല, മറിച്ച് തങ്ങളുടെ ആരാധകർക്കായി ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന 4×4 സംവിധാനവും സ്‌കോര്‍പിയോ N ന് നൽകാൻ സാധ്യതയുണ്ട്.