ഞാന്‍ ഒറ്റയ്ക്ക് അഭിമുഖം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം; ധ്യാന്‍ ശ്രീനിവാസന്‍

0
162

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ സമൂഹമാധ്യമങ്ങളിലെപ്പോഴും ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നതാണ്. ചിലതെല്ലാം വലിയ വിവാദമാവുകയും ചെയ്തു. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് ലൈവില്‍ ഇനി കുറച്ച് നാളത്തേക്ക് അഭിമുഖം നല്‍കുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്.
പറ്റുമെങ്കില്‍ എല്ലാവരും സിനിമ കാണുക. നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷം. നന്ദി എന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്നാണ് ഒരാള്‍ പുതിയ അഭിമുഖങ്ങളെക്കുറിച്ച് ചോദിച്ചത്.

എനിക്ക് ഇന്റര്‍വ്യൂ മടുത്തു. എന്റെ അഭിമുഖങ്ങള്‍ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. അഭിമുഖങ്ങള്‍ ഒന്നും അടുത്തുണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല.
ഞാന്‍ ഒറ്റയ്ക്ക് അഭിമുഖം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാല്‍ കുടുംബക്കാരെ മുഴുവന്‍ നാറ്റിക്കും എന്ന് അവര്‍ക്ക് പേടിയുണ്ട്. കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ എല്ലാം വിമര്‍ശനങ്ങളുണ്ട്. ഇതുവരെ കൊടുത്ത അഭിമുഖത്തില്‍ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാന്‍ പറയുമോ എന്ന് അവര്‍ക്ക് പേടിയുണ്ട്. നിലവില്‍ ഗ്രൂപ്പില്‍ നിന്നും ഞാന്‍ പുറത്താണ്. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ ചേര്‍ക്കും. അപ്പോള്‍ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകള്‍ ഒക്കെ ഇനി സിനിമയിലൂടെ പറയാം- ധ്യാന്‍ പറഞ്ഞു.
തടി കൂടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനും ധ്യാന്‍ രസകരമായ മറുപടിയാണ് നല്‍കിയത്. ‘പണ്ടൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇനി തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ -ധ്യാന്‍ പറയുന്നു.