ശരീരം നിറയെ രോമങ്ങളുള്ള മെലിഞ്ഞ വികൃത രൂപം; മൃഗശാലയിലെ സിസിടിവി ക്യാമറയിൽ രാത്രി പതിഞ്ഞ ദൃശ്യത്തിന്റെ വാസ്തവം തേടി അധികൃതർ

0
48

ടെക്സാസ്: ടെക്സാസിലെ അമാരില്ലോ മൃഗശാലയിൽ രാത്രിയിൽ പ്രത്യക്ഷപ്പെട്ട വിചിത്ര രൂപം ആശങ്ക സൃഷ്ടിക്കുന്നു. ദേഹമാസകലം രോമം നിറഞ്ഞ വികൃത രൂപമാണ് സിസിടിവി ക്യാമറകളിൽ പതിഞ്ഞത്. ജീവിയെക്കുറിച്ച് അറിയാവുന്നവർ വിവരം നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് മൃഗശാല അധികൃതർ ചിത്രം ട്വീറ്റ് ചെയ്തു.

ഇരുളിൽ നിന്നും കടന്നു വന്ന രൂപം മൃഗശാലയുടെ വേലിക്ക് സമീപം വെച്ചാണ് ക്യാമറയിൽ പതിഞ്ഞത്. മൃഗങ്ങളെ ആക്രമിച്ച് ചോര കുടിക്കുന്ന ചുപാകാബ്ര എന്ന സാങ്കൽപ്പിക ജീവിയാണ് ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. രൂപത്തിന്റെ നിഴൽചിത്രം അപൂർണ്ണമാണ്. നീണ്ട രണ്ട് കാലുകളും അവ്യക്തവും ഭീതിജനകവുമായ ശരീര ഭാഗങ്ങളുമാണ് രൂപത്തിന്റേത്. 90കളിൽ പ്യൂർട്ടോ റിക്കോയിലെ ഗ്രാമപ്രദേശങ്ങളിൽ, രാത്രികാലങ്ങളിൽ ധാരാളം വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

പുലർച്ചെ ഗ്രാമവാസികൾ രക്തം വാർന്ന ജന്തുക്കളുടെ ശവങ്ങൾ കണ്ടാണ് ഉറക്കമുണർന്നിരുന്നത്. ചുപാകാബ്ര എന്ന ജീവിയുടെ ആക്രമണമാണ് ഇതിന് പിന്നിൽ എന്ന് അന്നേ സംശയങ്ങൾ ഉയർന്നിരുന്നു. ഏതായാലും സിസിടിവി ക്യാമറയിൽ പതിഞ്ഞ ജീവിയുടെ വാസ്തവത്തെ ചുറ്റിപ്പറ്റി ഓൺലൈൻ മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഭയാനകമായ വസ്തുതകളാണ് മിക്കവരും സാമുഹിക മാദ്ധ്യമങ്ങളിൽ പങ്ക് വെക്കുന്നത്.