മുഹമ്മദ് നബിയെ അവഹേളിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ കണ്ടെത്താനാകാതെ പോലീസ്

0
98

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അവഹേളിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ കണ്ടെത്താനാകാതെ പോലീസ്.

മുംബൈ പോലീസ് കഴിഞ്ഞ നാല് ദിവസമായി ഡല്‍ഹിയില്‍ തമ്ബടിച്ച്‌ തിരയുകയാണ്. ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടു കേസുകളും തെലങ്കാനയില്‍ ഒരു കേസുമാണ് നുപുര്‍ ശര്‍മക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് അവരെ നീക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരെ പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ ശക്തമായ നടപടി നുപുര്‍ ശര്‍മക്കെതിരെയുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല, നുപുര്‍ ശര്‍മ നല്‍കിയ പരാതികളില്‍ ഡല്‍ഹി പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നുപുര്‍ ശര്‍മക്കെതിരെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച ഭീം സേന നേതാവ് നവാബ് സത്പാല്‍ തന്‍വറിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.

രണ്ടു ബിജെപി നേതാക്കളാണ് പ്രവാചകനെയും കുടുംബത്തെയും മോശമായി വിമര്‍ശിച്ചത്. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ, ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരുടെ പ്രതികരണമാണ് വിവാദമായത്. കാണ്‍പൂരിലാണ് ഇവര്‍ക്കെതിരെ ആദ്യം വലിയ പ്രതിഷേധം രൂപപ്പെട്ടത്. ഈ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്ത യുപി പോലീസിന്റെ നടപടി ഏറെ വിവാദമായി. നുപുര്‍ ശര്‍മക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഭവത്തില്‍ അലഹാബാദിലും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും പോലീസ് തകര്‍ത്തു.

യുപി പോലീസിന്റെ ബുള്‍ഡോസര്‍ നടപടിക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. സുപ്രീംകോടതിയില്‍ വിഷയം എത്തിയെങ്കിലും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. പകരം ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് പ്രതികരണം തേടുകയാണ് ചെയ്തത്. അനധികൃത നിര്‍മാണം ഒഴിപ്പിക്കുന്ന നടപടി പ്രതികാര നടപടിയാകരുതെന്നും കോടതി ഓര്‍മപ്പെടുത്തി. പ്രതിഷേധത്തിനും ആഗോള ഇടപെടലിനും കാരണമായ പ്രസ്താവന നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാത്താണ് പുതിയ വിവാദം. അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി മഹാരാഷ്ട്ര പോലീസ് മുന്നോട്ട് പോകുകയാണ്. മുംബൈയിലെയും പൂനെയിലെയും പോലീസാണ് കേസെടുത്തിട്ടുള്ളത്.