കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് ടിക്കറ്റ് ചാർജ് വെറും 5 രൂപ മാത്രം

0
72

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ ഈടാക്കൂ. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആലുവയിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 2017 ജൂൺ 17ന് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ജൂൺ 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് ഉൾപ്പടെയുള്ള അഞ്ച് പാതകൾ യാഥാർത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് കെഎംആർഎൽ.

പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിക്കുകയാണ് മെട്രോയുടെ ലക്ഷ്യം. കൂടുതൽ പാത വരുന്നതോടെ അത് 2.5 ലക്ഷമാക്കി ഉയർത്താനാകണം. ഇൻഫോപാർക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടൻ കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ മെട്രോ പാതകളുടെ നിർമ്മാണചുമതലയും കെഎംആർഎല്ലിനാണ്. ഇതിനുള്ള സാധ്യതപഠനം നടക്കുകയാണ്.