വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും; അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ്

0
54

തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളുടെ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന്റ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, തൈക്കാട് – സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, കണ്ണൂർ ഇ.കെ നായനാർ സ്മാരക സർക്കാർ ആശുപത്രി എന്നിവിടങ്ങളിലാണ് വന്ധ്യതാ ചികിത്സയുള്ളത്.

തൈക്കാട്-സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കി വിപുലീകരിക്കും. ഇന്ത്യയിൽ തന്നെ റീപ്രൊഡക്ടീവ് മെഡിസിൻ ആന്റ് സർജറിയിൽ എംസിഎച്ച് ഡിഗ്രി കോഴ്‌സുള്ള ഏക സർക്കാർ മെഡിക്കൽ കോളേജാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രി. അവിടെ കൂടുതൽ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളൊരുക്കുന്നതാണ്. കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകൾ കുറേക്കൂടി ശക്തിപ്പെടുത്തും. എല്ലായിടത്തും അത്യാധുനിക വന്ധ്യതാ ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.