കോവിഡ് വ്യാപനത്തിനു പിന്നാലെ ഉത്തര കൊറിയയിൽ മറ്റൊരു പകർച്ച വ്യാധി കൂടി പടർന്നുപിടിക്കുന്നു

0
119
FILE PHOTO: People wait in line to get coronavirus disease (COVID-19) test at a coronavirus testing site in Seoul, South Korea, July 15, 2021. REUTERS/Kim Hong-Ji

സോൾ: കോവിഡ് വ്യാപനത്തിനു പിന്നാലെ ഉത്തര കൊറിയയിൽ മറ്റൊരു പകർച്ച വ്യാധി കൂടി പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. തീവ്രവ്യാപനശേഷിയുള്ള മഹാമാരി മൂലം നിരവധി പേരാണ് വലയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രോ​ഗം എത്രത്തോളം ​ഗൗരവകരമാണെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തെക്കുകിഴക്കൻ ന​ഗരമായ ഹേജുവിലാണ് രോ​ഗം പടർന്നുപിടിക്കുന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ രോ​ഗം പിടിപെട്ടവർക്കായി ഭരണാധികാരി കിം ജോങ് ഉൻ തന്റെ സ്വകാര്യ മരുന്നുശേഖരത്തിൽ നിന്ന് മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ എന്താണ് രോ​ഗമെന്നോ നിലവിൽ എത്രപേർ രോ​ഗബാധിതരാണെന്നോ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.
ടൈഫോയ്ഡ്, ഡിസൻട്രി, കോളറ എന്നിവയ്ക്ക് സമാനമായ പകർച്ചവ്യാധിയാണ് പടർന്നു പിടിക്കുന്നത് എന്നാണ് നിരീക്ഷകരുടെ വാദം. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന അണുക്കളാണ് രോ​ഗവാഹകരെന്നും നിരീക്ഷണമുണ്ട്.
കൊറോണയ്ക്ക് പിന്നാലെ പനി ബാധിക്കുന്നവരുടെ എണ്ണവും ഉത്തര കൊറിയയിൽ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പനിക്കൊപ്പം മീസിൽസ്, ടൈഫോയ്ഡ് തുടങ്ങിയവയും പരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
മീസിൽസ്, ടൈഫോയ്ഡ് എന്നിവ ഉത്തര കൊറിയയിൽ സാധാരണമാണെന്നും നിലവിൽ മറ്റൊരു പകർച്ചവ്യാധി പടരുന്നുണ്ടെന്ന വാർത്ത സത്യമാണ് എന്നാണ് കരുതുന്നതെന്നും ആരോ​ഗ്യകാര്യങ്ങളിൽ ഊന്നൽ നൽകുന്ന വെബ്സൈറ്റായ DPRKHEALTH.ORG ന്റെ വക്താവ് ആൻ ക്യുങ് സു പറഞ്ഞു. എന്നാൽ കിമ്മിന് ജനങ്ങളോടുള്ള കരുതൽ ഊന്നിക്കാട്ടാൻ ഉത്തര കൊറിയ ഈ സംഭവത്തെ ഒരവസരമായി കണക്കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസവും കിം കോവിഡ‍് രോ​ഗികൾക്കായി മരുന്നുകൾ സംഭാവന ചെയ്തത് വാർത്തയായിരുന്നു.
ദ്രുത​ഗതിയിൽ വ്യാപിക്കുന്ന പുതിയ രോ​ഗത്തെ തടയിടാനുള്ള നടപടികൾ ആരംഭിക്കാനും കൂടുതൽ വ്യാപിക്കും മുമ്പ് ക്വാറന്റൈൻ ഉൾപ്പെടെയുള്ളവ നടപ്പിലാക്കാനും കിം നിർദേശം നൽകിയിട്ടുണ്ടെന്നും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോ​ഗവ്യാപനമുള്ള പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ചെയ്യാനും നടപടികൾ എടുക്കുന്നുണ്ട്.