ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം, മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫോണിലൂടെ മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനുമാണ് നന്ദകുമാറിനെതിരെ അന്ന് കേസെടുത്തത്.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് നന്ദകുമാർ അടുത്തിടെ ഒരു പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ സ്വപ്‌നയും പി.സി. ജോർജും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന സമ്പത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത നിഷേധിച്ച് കൊണ്ടായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ് നന്ദകുമാർ മാധ്യമങ്ങളെ കണ്ടത്.
സ്വപ്‌നയുടെയും ജോർജിന്റെയും സാന്നിധ്യത്തിൽ തന്റെ ഓഫീസിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് സോളാർ കേസ് പ്രതി സരിത എസ്. നായർ പോലീസിന് മൊഴി നൽകിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു നന്ദകുമാർ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷിന്റെ സമീപകാല ആരോപണങ്ങൾക്ക് പിന്നിൽ പി.സി. ജോർജും ക്രൈം മാസികയുടെ എഡിറ്റർ നന്ദകുമാറുമാണെന്ന് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ ബോധിപ്പിച്ചിരുന്നു.
പി.സി. ജോർജും സരിത നായരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ സർക്കാർ ഗൂഢാലോചന ആരോപണം ഉയർത്തിയത്.