ദില്ലി: അഗ്നിപഥ് പദ്ധതിയെ യുവാക്കൾ തിരസ്കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, പദ്ധതിയില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ്. ഇതു പ്രയോജനപ്പെടുത്തണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
#WATCH | For the last 2yrs, young people didn't get the opportunity to get inducted into Armed forces due to no recruitment process. Thus… govt decided to increase the upper age limit from 21yrs to 23yrs. It's a one-time relaxation…: Defence Minister Rajnath Singh#Agnipath pic.twitter.com/UfP5z0zakY
— ANI (@ANI) June 17, 2022
പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ദില്ലി, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഇന്നലെ നടന്ന പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് നീങ്ങിയിരുന്നു. വിവിധ ഇടങ്ങളിൽ പൊലീസ് വാഹനങ്ങളും, പൊലീസ് സ്റ്റേഷനും, ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കി. 72 സർവീസുകൾ വൈകി ഓടുന്നു. യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.