കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു

0
74

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു.

ബജ്‌രംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുല്‍ത്താന്‍ ബസാര്‍ പോലീസ് കേസെടുത്തത്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയതെന്നാണ് പരാതി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാതിക്കാസ്പദമായ പരാമര്‍ശം സായ് പല്ലവി നടത്തിയത്.

നടിയുടെ പരാമര്‍ശത്തിന് പിന്നാലെ സംഘപരിവാര്‍ സൈബര്‍ ആക്രമണവും ശക്തമായിരുന്നു. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായി പല്ലവി’ എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചരണം. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പശുവിനെ കടത്താന്‍ ശ്രമിച്ചതില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുമായി എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുക, കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു, കാപട്യം നിറഞ്ഞ മതേതരത്വവാദി, ജിഹാദികളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല എന്നിങ്ങനെയാണ് നടിക്ക് എതിരെയുള്ള ട്വീറ്റ്.