ലോകത്ത് നടക്കുന്ന സമാധാന ചര്‍ച്ചകളിലും മറ്റും സ്ത്രീകളെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച്‌ യുഎന്‍ മേധാവി

0
82

ന്യൂയോര്‍ക്ക് സിറ്റി: ലോകത്ത് നടക്കുന്ന സമാധാന ചര്‍ച്ചകളിലും മറ്റും സ്ത്രീകളെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച്‌ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് രംഗത്ത്.

ചര്‍ച്ചകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന പ്രവണത പുരുഷന്മാര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം പോലുള്ള സമാധാന ചര്‍ച്ചക്കായുള്ള ഒത്തുചേരലില്‍ സ്ത്രീകളുടെ പ്രധാന്യം കുറയുന്നതായാണ് അനുഭവപ്പെടുന്നത്. യുക്രെയ്ന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, മാലി എന്നിവിടങ്ങളിലെ ചര്‍ച്ചയില്‍ സ്ത്രീകളുടെ പ്രാധിനിത്യം കുറവാണ്. ഇത് അധികാര അസന്തുലിതാവസ്ഥയും പുരുഷാധിപത്യവും സൃഷ്ടിക്കുന്നു. ഇതാണ് നമ്മുടെ പരാജയത്തിന്റെ കാരണം’ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

‘പുരുഷന്‍മാര്‍ അധികാരത്തില്‍ ഇരിക്കുന്നതും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നതും അവകാശ നിഷേധമാണ്. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ തുല്ല്യ പങ്കാളിത്തം സമാധാനം കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ദശലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ രാജ്യം വിട്ട് പോകേണ്ടെന്ന് തീരുമാനിച്ച സ്ത്രീകള്‍ ഇന്ന് ആരോഗ്യ സംരക്ഷണത്തിലും സാമൂഹിക പിന്തുണയിലും മുന്‍പന്തിയിലാണ്. അതിനാല്‍ അവരുടെ കാഴ്ചപ്പാടുകള്‍ സംഘര്‍ഷാവസ്ഥ മനസിലാക്കുന്നതിന് നിര്‍ണ്ണായകമാണ്, അവരുടെ പങ്കാളിത്തം സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്’, അദ്ദേഹം വ്യക്തമാക്കി.

‘പല മേഖലകളിലും പുരുഷന്‍മാര്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പ്രയത്‌നിക്കുകയാണ്. മ്യാന്‍മാറില്‍ സ്ത്രീകള്‍ക്ക് തുറന്നുപറയുവാനുള്ള സ്വാതന്ത്രം ഇല്ല, അതുകൊണ്ടു തന്നെ അവര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തത്തിന് സാധ്യതയില്ല. മാലിയില്‍ തുടര്‍ച്ചയായ സൈനിക അട്ടിമറി മൂലം സ്ത്രീകള്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായി മാറി. ഇവിടെ തീവ്രവാദികള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം സാധ്യമാകുമോ എന്നത് സംശയമാണ്. സ്ത്രീവിരുദ്ധതയും സ്വേച്ഛാധിപത്യവും പരസ്പരം ശക്തിപ്പെടുത്തുന്നതാണ് ഇതിന് കാരണം’, യുഎന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.