രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് വരുന്നു 4g യേക്കാൾ പതിന്മടങ്ങ് വേഗത

0
91

ഡല്‍ഹി: രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും എന്ന് സൂചന. 5ജി നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന സംരംഭങ്ങള്‍ക്ക് എയര്‍വേവ് നേരിട്ട് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി.
സ്‌പെക്‌ട്രം ലേലം നടത്താനുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

ജൂലൈ അവസാനത്തോടെ 5ജി സ്‌പെക്‌ട്രം ലേലം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ മൂന്ന് പ്രധാന കാരിയര്‍മാരായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയികളായ ബിഡര്‍മാര്‍ക്ക് 20 തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐകള്‍) 5ജി സ്പെക്‌ട്രം അടയ്ക്കാം. എയര്‍വേവുകള്‍ക്കുള്ള മുന്‍കൂര്‍ പേയ്‌മെന്റും ഒഴിവാക്കിയിട്ടുണ്ട്. വികസനം സാധ്യമാക്കുന്നതിനും നവീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വകാര്യ ക്യാപ്റ്റീവ് നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.‌

ബാലന്‍സ് ഇന്‍സ്‌റ്റാള്‍മെന്റുകളുമായി ബന്ധപ്പെട്ട് ഭാവി ബാധ്യതകളില്ലാതെ 10 വര്‍ഷത്തിന് ശേഷം സ്പെക്‌ട്രം സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷനും ലേലക്കാര്‍ക്ക് നല്‍കും. നിലവിലെ 4ജി സേവനങ്ങളിലൂടെ സാധ്യമാകുന്നതിനേക്കാള്‍ 10 മടങ്ങ് കൂടുതലുള്ള വേഗതയും ശേഷിയും നല്‍കാന്‍ കഴിവുള്ള 5ജിക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം സേവന ദാതാക്കള്‍ മിഡ്, ഹൈ ബാന്‍ഡ് സ്പെക്‌ട്രം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വരാനിരിക്കുന്ന 5ജി സേവനങ്ങള്‍ക്ക് പുതിയ കാലത്തെ ബിസിനസുകള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ക്ക് അധിക വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള്‍ നല്‍കാനും സാധിക്കുമെന്നും ഈ കുറിപ്പില്‍ പറയുന്നു.