പ്രഭാത സവാരിക്കായി ഹൈക്കോടതി ഗോശ്രീ റോഡ് അടച്ചിട്ട അസിസ്റ്റന്റ് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്

0
67

കൊച്ചി: എറണാകുളത്ത് പ്രഭാത സവാരിക്കായി ഹൈക്കോടതി ഗോശ്രീ റോഡ് അടച്ചിട്ട അസിസ്റ്റന്റ് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്. സംഭവത്തിൽ കൊച്ചി വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറോട്, സിറ്റി പൊലീസ് കമ്മീഷണർ വിശദീകരണം തേടി. പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ടതിനാൽ സ്കൂൾ കുട്ടികൾ അടക്കം വലിയ പ്രയാസം നേരിട്ടത് സാമൂഹികമാധ്യമങ്ങളിൽ വാർത്തയായിരുന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണർ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. 
ഞായറാഴ്ച രാവിലെ 6 മണി മുതൽ 7 മണി വരെ മാത്രം റോഡ് പ്രഭാതസവാരിക്ക് അടയ്ക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ മറ്റ് ദിവസങ്ങളിലും റോഡ് അടച്ചിട്ടതാണ് വിവാദമായത്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെയാണ് സംഭവത്തിൽ കമ്മീഷണർ വിശദീകരണം തേടിയത്.