അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അക്രമാസക്തമാകുന്നു

0
75

പട്‌ന: സായുധ സേനകളിലെ ഹൃസ്വകാല നിയമനങ്ങള്‍ ലക്ഷ്യം വച്ചുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അക്രമാസക്തമാകുന്നു.

സംഘര്‍ഷം കുടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുതിയ നിയമന രീതി വരുന്നതോടെ ഇതുവരെ പാലിച്ചിരുന്ന നിയമന രീതി ഇല്ലാതാകുമെന്നും ഇത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നുമെന്ന ആശയക്കുഴപ്പമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം കടക്കുകയാണ്.

ബിഹാറില്‍ റോഡ്, റെയില്‍ ഗതാഗതം യുവാക്കള്‍ തടസ്സപ്പെടുത്തി. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന തൊഴില്‍ രഹിതരാണ് പ്രതിഷേധത്തിനു മുന്നില്‍. ഭബുവ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ യുവാക്കള്‍ ട്രെയിനു കല്ലെറിയുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു. ‘ഇന്ത്യന്‍ ആര്‍മി ലവേഴ്‌സ്’ എന്ന ബാനറുമായാണ് യുവാക്കള്‍ പ്രതിഷേധിക്കുന്നത്.

ആരയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്‌റ്റേഷനിലെ ഉപകരണങ്ങള്‍ക്ക് പ്രതിഷേധക്കാരിട്ട തീയണക്കാന്‍ ജീവനക്കാന്‍ അഗ്നി ശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു.

ജെനാന്‍ബാദില്‍ വിദ്യാര്‍ത്ഥികളുടെ കല്ലേറില്‍ പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കാന്‍ പോലീസ് തോക്കുചൂണ്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. നവാഡയില്‍ ജനക്കൂട്ടം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. റെയില്‍വേ ട്രാക്കില്‍ തടസ്സമുണ്ടാക്കുകയും തീയിടുകയും ചെയ്തു.

സഹസ്രയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസിനു നേര്‍ക്ക് കല്ലേറുമുണ്ടായി. ചപ്രയില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. ഇന്നലെ ബിഹാറിലെ മുസാഫര്‍പുരിലും ബക്‌സറിലും സംഘര്‍ഷമുണ്ടായിരുന്നു.

അഗ്നിപഥിലെ നിയമന പ്രായപരിധി പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയാണ്. ഇതോടെ 21 കഴിഞ്ഞവര്‍ക്ക് ഇനി അവസരം ലഭിക്കില്ല എന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികളെ ഏറെ അലട്ടുന്നത്. ഇതിനകം നിയമന നടപടികള്‍ പൂര്‍ത്തിയായവരുടെ നിയമനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമുണ്ട്. അഗ്നിപഥിന്റെ ഭാഗമായാലും 25% പേരെ മാത്രമാണ് നിലനിര്‍ത്തുക. അവശേഷിക്കുന്നവരുടെ ഭാവി എന്താകും എന്ന ചോദ്യവും ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് വരുണ്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടു.