ന്യൂഡല്‍ഹി: വിവാദമായ സിപ്പി സിദ്ധു കൊലക്കേസില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സബിന സിങ്ങിന്റെ മകള്‍ കല്ല്യാണി സിങ് അറസ്റ്റില്‍. ബുധനാഴ്ചയാണ് സി.ബി.ഐ. സംഘം കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കല്ല്യാണി സിങ്ങിനുള്ള പങ്ക് കണ്ടെത്തിയെന്നും ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സി.ബി.ഐ. വക്താവ് പറഞ്ഞു. സിപ്പി സിദ്ധുവുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇവര്‍ ഏറെനാളായി സംശയനിഴലിലായിരുന്നു. സിദ്ധുവിനെ കൊലപ്പെടുത്തിയ ആള്‍ക്കൊപ്പം കല്ല്യാണി സിങ്ങും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നത്.
ദേശീയ ഷൂട്ടിങ് താരവും കോര്‍പ്പറേറ്റ് അഭിഭാഷകനുമായിരുന്ന സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ധു(35) കൊല്ലപ്പെട്ടിട്ട് ഏഴുവര്‍ഷമാകുന്ന വേളയിലാണ് കേസില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എസ്.എസ്. സിദ്ധുവിന്റെ പൗത്രനായ സിപ്പി സിദ്ധുവിനെ 2015 സെപ്റ്റംബര്‍ 20-നാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചണ്ഡീഗഢിലെ സെക്ടര്‍ 27-ലെ ഒരു പാര്‍ക്കിലായിരുന്നു മൃതദേഹം. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ 2016 ജനുവരിയില്‍ കേസ് സി.ബി.ഐ.ക്ക് കൈമാറി. എന്നാല്‍ സി.ബി.ഐ.യ്ക്കും ആദ്യഘട്ടത്തില്‍ കാര്യമായ തുമ്പുണ്ടാക്കാനായില്ല.
സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തുമ്പോള്‍ കൊലയാളിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്ന് മാത്രമാണ് സി.ബി.ഐ.ക്ക് കണ്ടെത്താനായത്. തുടര്‍ന്ന് 2016 സെപ്റ്റംബറില്‍ കേസില്‍ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐ. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പത്രങ്ങളില്‍ വ്യത്യസ്തമായ ഒരു പരസ്യവും നല്‍കി.
‘സിദ്ധുവിന്റെ കൊലയാളിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്. ഇവര്‍ നിരപരാധിയാണെങ്കില്‍ അവര്‍ക്ക് മുന്നോട്ടുവന്ന് ഞങ്ങളെ ബന്ധപ്പെടാന്‍ അവസരം നല്‍കുന്നു. അതല്ലെങ്കില്‍ ഇവരെ കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാളാണെന്ന് കണക്കാക്കും’ എന്നായിരുന്നു സി.ബി.ഐയുടെ പരസ്യം. എന്നാല്‍ ആരും ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐയെ സമീപിച്ചില്ല.
2020-ല്‍ കേസുമായി ബന്ധപ്പെട്ട് ‘അണ്‍ട്രേസ്ഡ് റിപ്പോര്‍ട്ട്’ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകത്തില്‍ ഒരു സ്ത്രീയുടെ പങ്കുണ്ടെന്നും ഇതില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ, 2021 ഡിസംബറില്‍ പാരിതോഷികം പത്ത് ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. കേസ് ഏറ്റവും ഒടുവിലായി കോടതി പരിഗണിച്ചപ്പോള്‍ ഒരുമാസത്തെ സമയം വേണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തി കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്.