ഡൽഹി പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി

0
93

എഐസിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നൽകി. എംപിമാർ പാർലമെന്ററി പാർട്ടി ഓഫീസിൽ യോഗം ചേർന്ന ശേഷമാണ് ഓം ബിർളയെ കണ്ടത്. ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.
“ഡൽഹി പൊലീസിൻ്റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചു. സ്പീക്കർ ഞങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു. എഐസിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറി, എംപിമാരെയും പ്രവർത്തകരെയും മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് പൊലീസ് ആക്രമിച്ചത്. തീവ്രവാദികളെ നേരിടുന്ന പോലെയാണ് പൊലീസ് പെരുമാരിയത്. കോൺഗ്രസ് നേതാക്കളും, എംപിമാരുമാണെന്ന പരിഗണന പോലും നൽകിയില്ല”- യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും സ്പീക്കറെ അറിയിച്ചു. രാഹുൽ ഗാന്ധിയോടുള്ള ഇഡിയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും ശ്രദ്ധയിൽപ്പെടുത്തി. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇഡിയോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.