മദ്യപിച്ചശേഷമുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ചുകൊന്നു

0
61

തൊടുപുഴ: മദ്യപിച്ചശേഷമുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ചുകൊന്നു. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കല്‍ മജു (40)വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാറടിയില്‍ നോബിള്‍ തോമസിനെ (25) പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി 11.30-ന് ഇടുക്കി റോഡില്‍ ഒളമറ്റം ലൂണാര്‍ ഫാക്ടറി ഔട്ട്ലെറ്റിന് സമീപമായിരുന്നു സംഭവം.
മജുവും നോബിളും കിണറിന് റിങ് ഇറക്കുന്നവരാണ്. ഇരുവരും ഒരുമിച്ചാണ് തിങ്കളാഴ്ച രാവിലെ ജോലിക്ക് പോയത്. തിരികെ വീട്ടിലെത്തുന്നതിനുമുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് നോബിള്‍ മജുവിനെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. കമ്പുകൊണ്ട് തലയ്ക്ക് അടിക്കുകയുംചെയ്തു.
ബഹളം കേട്ടെത്തിയ പരിസരവാസികള്‍ പോലീസിനെ വിവരമറിയിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മജുവിനെ പോലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നോബിളിനെ പിന്നീട് വീട്ടില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുംശേഷം കോടതിയില്‍ ഹാജരാക്കി.
മജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നോബിളിന്റെയും മജുവിന്റെയും പേരില്‍ മറ്റ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഉറവപ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന മജു അവിവാഹിതനാണ്. തൊടുപുഴ ഡിവൈ.എസ്.പി. ജിംപോള്‍, സി.ഐ. വി.സി.വിഷ്ണുകുമാര്‍, എസ്.ഐ. ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.