കൊലക്കേസ് പ്രതിയായ ഗ്യാങ്സ്റ്ററിനെ പഞ്ചാബിലേക്ക് എത്തിക്കാന്‍ സംസ്ഥാനം ഒരുക്കുന്നത് വന്‍ സുരക്ഷാ സന്നാഹം

0
81

ന്യൂഡല്‍ഹി: കൊലക്കേസ് പ്രതിയായ ഗ്യാങ്സ്റ്ററിനെ പഞ്ചാബിലേക്ക് എത്തിക്കാന്‍ സംസ്ഥാനം ഒരുക്കുന്നത് വന്‍ സുരക്ഷാ സന്നാഹം. ഗായകന്‍ മൂസ് വാലാ സിദ്ദുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗ്യാങ്സ്റ്ററുമായ ലോറന്‍സ് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് വന്‍ സുരക്ഷാ സന്നാഹമൊരുക്കുന്നത്. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ പ്രതിയുള്ളത്. പട്യാലഹൗസ് കോടതിയില്‍ ഇന്ന് അറസ്റ്റിനും റിമാന്‍ഡ് ചെയ്യാനുമുള്ള അനുവാദം തേടി പഞ്ചാബ് പോലീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് സുരക്ഷാ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നത്.
50 പോലീസ് കമാന്‍ഡോകള്‍, 2 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അകമ്പടിയായി 12 മറ്റ് വാഹനങ്ങള്‍ എന്നിവയാണ് പ്രതിയെ എത്തിക്കാന്‍ ഉപയോഗിക്കുക. പ്രതിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്യുമെന്നും പഞ്ചാബിലെ അഡ്വക്കേറ്റ് ജനറലായ അന്‍മോല്‍ രത്തന്‍ സിദ്ദു കോടതിയെ അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനും റിമാന്‍ഡ് ചെയ്യാനും കോടതി അനുമതി നല്‍കുകയും ചെയ്തു. പ്രതിയുടെ സുരക്ഷ പൂര്‍ണമായും പഞ്ചാബ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുവെന്നും എ.ജി കോടതിയെ അറിയിച്ചു.
നിരവധി കേസുകളില്‍ പ്രതിയായ ബിഷ്‌ണോയി ഒരു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. അതസമയം ബിഷ്‌ണോയിയെ പഞ്ചാബിന് കൈമാറരുതെന്നും ജീവന്‍ പോലും അപകടത്തിലാകുമെന്ന് ഭയക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകന്‍ വിശാല്‍ ചോപ്ര പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്താമെന്നും പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
പഞ്ചാബിലെ ഗായകന്‍ മൂസ് വാല സിങ് എന്നറിയപ്പെടുന്ന ശുഭ്ദീപ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനാണ് ബിഷ്‌ണോയി. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ഗൂഡാലോചനയെ കുറിച്ച് ഡല്‍ഹി പോലീസും വ്യക്തമാക്കുന്നുണ്ട്. വിക്രംജീത് സിങ്ങ് എന്നയാളുടെ കൊലപാതകത്തില്‍ മൂസ് വാല സിങ്ങിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികാര കൊലപാതകം നടന്നത്. മൂസ് വാല സിങ് കോല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മാനേജര്‍ ശകുന്‍ദീപ്‌സിങ്ങിനെ കാണാതായിട്ടുമുണ്ട്.