സെക്കൻഡുകൾക്കുള്ളിൽ എസ്.എസ്.എൽ.സി ഫലം അറിയാം; ‘പി.ആർ.ഡി ലൈവ്’ ആപ്പ് സജ്ജം

0
62

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ വൈകിട്ടു മൂന്നിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം വൈകിട്ട് നാലു മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്.എസ്.എൽ.സി ഫലമറിയാം. http://www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ആണ് ‘സഫലം 2022’ മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.