വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം

0
77

വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. ലോകരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനായാല്‍ രാജ്യത്ത് ശരാശരി ആയുസ്സില്‍ അഞ്ചുവര്‍ഷത്തെ വര്‍ധനയുണ്ടാകും.
ഷിക്കാഗോ സര്‍വകലാശാലയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യം ബംഗ്ലാദേശാണ്. ആഗോളതലത്തില്‍ വായുമലിനീകരണം ശരാശരി ആയുസ്സിലുണ്ടാക്കുന്ന കുറവ് 2.2 വര്‍ഷമാണ്. ആയുര്‍ദൈര്‍ഘ്യവുമായി ബന്ധിപ്പിക്കുമ്പോള്‍ ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നം വായുമലിനീകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ദേശവും വസ്തുതയും
അന്തരീക്ഷത്തിലെ പി.എം.2.5-ന്റെ അളവാണ് വായുമലിനീകരണത്തിന്റെ തോത് കണക്കാക്കാനുള്ള മാനദണ്ഡം. പി.എം.2.5 എന്നാല്‍, 1.5 മൈക്രോമീറ്റര്‍ താഴെ വ്യാസമുള്ള (തലമുടിനാരിനെക്കാള്‍ ഏകദേശം 100 മടങ്ങ് കനംകുറഞ്ഞവ) കണങ്ങളാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് പി.എം. 2.5-ന്റെ അളവ് ഘനമീറ്ററില്‍ അഞ്ച് മൈക്രോഗ്രാമില്‍ കൂടാന്‍ പാടില്ല. പക്ഷേ, ഇന്ത്യയില്‍ ഇത് 54.3 മൈക്രോഗ്രാം ആണ്. 1998-നുശേഷം 61.4 ശതമാനം വര്‍ധന.