Thursday
18 December 2025
22.8 C
Kerala
HomeIndiaകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞിരുന്നു.
എന്നാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. രാഹുലിനെതിരായ ഇ.ഡി നടപടി തുടരുന്നിടത്തോളം പ്രതിഷേധം തുടരുമെന്നും ബാഗല്‍ പറഞ്ഞു. ഒരു കേസ് പോലുമില്ലാതെ ഇഡിക്ക് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാമെന്നും ഭൂപേഷ് ബാഗല്‍ പരിഹസിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കേസില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ല. ഇപ്പോള്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കാനും കോണ്‍ഗ്രസിനെ മോശക്കാരാക്കാനുമാണ് ശ്രമമെന്നും ബാഗല്‍ ആരോപിച്ചു.
ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ മൂന്നാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച 10 മണിക്കൂറോളം ചോദ്യംചെയ്ത ഇ.ഡി. ഇന്നലേയും ചോദ്യംചെയ്യല്‍ തുടര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ 11.10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും ഭക്ഷണത്തിനുശേഷം വൈകീട്ട് 4.15 മുതലുമാണ് രാഹുലിനെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്തത്. മൊഴി വായിച്ചുകേട്ട് ഒപ്പിട്ടുനല്‍കിയശേഷം രാത്രി 11.20-ന് രാഹുല്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച 11 മണിയോടെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസിലെത്തിയ രാഹുലില്‍നിന്ന് രാത്രി 11.45വരെ മൊഴിയെടുത്തു. ഉച്ചയ്ക്ക് 3.30-ന് ഉച്ചഭക്ഷണത്തിന് പുറത്തു പോയതൊഴിച്ചാല്‍ അദ്ദേഹം ഇ.ഡി. ഓഫീസില്‍ തന്നെയായിരുന്നു.
എന്നാല്‍ ഇ.ഡി നടപടികളെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം. ചോദ്യംചെയ്യലിനെ അവസരമായിക്കണ്ട പാര്‍ട്ടി രാജ്യവ്യാപകമായി കേന്ദ്രത്തിനെതിരേ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ രണ്ടുമുഖ്യമന്ത്രിമാരെയും എ.പി.മാരെയും അണിനിരത്തിയുള്ള ശക്തിപ്രകടനം പാര്‍ട്ടിക്ക് പുത്തനുണര്‍വായെന്നാണ് വിലയിരുത്തല്‍. പദയാത്രനടത്തിയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്.
പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പല നേതാക്കള്‍ക്കും പരിക്കേറ്റു. എന്നിട്ടും രാഷ്ട്രീയാവേശത്തിന് കുറവുണ്ടായില്ല. ചോദ്യംചെയ്യലിന്റെ രണ്ടാംദിവസവും പ്രതിഷേധച്ചൂട് കനത്തു. ദേശീയമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം നിറഞ്ഞു. പ്രതിഷേധം തടയാന്‍ വന്‍തോതില്‍ പോലീസിനെ ഇറക്കിയപ്പോള്‍ കേന്ദ്രത്തിനെതിരായ നേര്‍പോരാട്ടം എന്നനിലയിലേക്ക് കാര്യങ്ങള്‍ മാറി.
ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഡല്‍ഹി പോലീസിനെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കായികമായി നേരിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം തലസ്ഥാനത്ത് പതിവില്ലാത്തതാണ്. അത് കേന്ദ്രത്തിന് നേരിട്ടുള്ള മുന്നറിയിപ്പുമായി.

RELATED ARTICLES

Most Popular

Recent Comments