ഡൽഹിയിൽ ഇന്നും സംഘർഷം; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു

0
82

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എഐസിസിസി ആസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. ബാരിക്കേഡുകള്‍ തകർത്ത് മുന്നോട്ടുനീങ്ങിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
ബാരിക്കേഡുകൾ തകർത്ത് നീങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ ഇ.ഡി ഓഫീസിനു മുന്നിലുള്ള ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങിയതോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് ബി.വി. ശ്രീനിവാസനെപോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇ.ഡി ഓഫീസിലേക്കുള്ള മാർച്ച് തടഞ്ഞ് വനിതാ നേതാക്കളെ അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു.
തന്റെ നെഞ്ചിൽ ചവിട്ടി, പോലീസ് വലിച്ചു കൊണ്ടുപോയെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി ജെബി മേത്തർ ആരോപിച്ചു. കെ.സി വേണുഗോപാലും മറ്റു നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അക്ബർ റോഡും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്.
അതേസമയം, രാഹുൽ ഗാന്ധി മൂന്നാം ദിവസവും ചോദ്യംചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. രാഹുൽ ഗാന്ധി നൽകുന്ന പല ഉത്തരങ്ങളും തൃപ്തികരമല്ലെന്നാണ് ഇ.ഡി പറയുന്നത്. ലാഭമല്ല ചാരിറ്റിയാണ് ലക്ഷ്യമെന്ന വാദം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല.