യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ്ബാബുവിന്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

0
46

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മൂൻകൂർ ജാമ്യാപേക്ഷകൾ നൽകിയത്. സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം കേസിൽ ഇന്നലെ രഹസ്യവാദം നടത്തിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരോട് കോടതി മുറിയിൽ നിന്നിം പുറത്തു പോകാൻ നിർദ്ദേശം നൽകി. കോടതി മുറിയിൽ നിന്ന് പുറത്തുപോകാൻ മാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടു. യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്നു വരെ നീട്ടിയിട്ടുണ്ട്.

നേരത്തെ ഇരു കേസുകളിലുമുള്ള വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്റെ വാദം.മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് കടക്കാനും സാധ്യതയുണ്ട്.സിനിമയിൽ അവസരം നിഷേധിച്ചതാണ് പരാതിക്ക് കാരണമെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.

പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് അന്വേഷണ സംഘം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഏപ്രിൽ 22ന് ആണ് നടി പോലീസിൽ പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി