അട്ടപ്പാടിയിലെ മധുവിന്‍റെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം വിചാരണ കോടതി തള്ളി

0
83

പാലക്കാട്: ആൾക്കൂട്ടത്തിന്‍റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്‍റെ കേസിലെ (Attappadi Madhu murder case) സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം വിചാരണ കോടതി തള്ളി. മധുവിന്‍റെ അമ്മ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് സാക്ഷി വിസ്താരം 20ലേക്ക് മാറ്റി. ഈ മാസം 20 ന് മുമ്പ് സ്റ്റേയോ, സ്പെഷ്യൽ പ്രോസിക്യൂറ്ററെ മാറ്റിയുള്ള സർക്കാർ ഉത്തരവോ കിട്ടിയില്ലെങ്കിൽ വിചാരണ വീണ്ടും തുടരും.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ  കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നല്‍കിയത്. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.  സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. 
കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി  ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കത്തിന്റെ പൂര്‍ണ രൂപം 
എൻ്റെ മകൻ മധുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ടി കോടതിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സാക്ഷി വിചാരണ ജൂൺ 8ന് ആരംഭിച്ചു .8നും , 9 നും വിസ്തരിച്ച സാക്ഷികളായ  ഉണ്ണികൃഷ്ണൻ , ചന്ദ്രൻ എന്നിവരുടെ വിചാരണ മുഴുവൻ ഞങ്ങൾ വീക്ഷിക്കുകയുണ്ടായി . 
ഞങ്ങളുടെ അപേക്ഷ പ്രകാരം സർക്കാർ ഞങ്ങൾക്കു വേണ്ടി നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.സി.രാജേന്ദ്രൻ്റെ വിചാരണ രീതികൾ വീക്ഷിച്ചതിൽ നിന്നും അദ്ദേഹത്തിന് വിചാരണ കോടതികളിൽ വിചാരണ നടത്തുന്നതിൽ പരിചയക്കുറവുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നിയത് . 
മാത്രമല്ല സാക്ഷികളായ ഉണ്ണികൃഷ്ണൻ , ചന്ദ്രൻ എന്നിവരെ കൂറുമാറ്റിക്കുന്നതിൽ പ്രതിഭാഗം വക്കീലുമാർ വിജയിക്കുകയും ചെയ്തു . കൂടാതെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ മണ്ണാർക്കാട് ട്രയൽ കോടതിയിലെ വിചാരണ തൃപ്തികരമല്ല എന്ന് കാണിച്ച് കോടതിയിലെ പോലീസ് ഇൻ ചാർജായ മുൻ അന്വേഷണ സംഘതലവൻ പാലക്കാട് എസ്.പിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതായും അറിയുന്നു . 
ഈ അവസരത്തിൽ അഡ്വ.രാജേന്ദ്രൻ തന്നെ തുടർന്നും കേസ് വാദിച്ചാൽ എൻ്റെ മകൻ്റെ കേസിൽ ഞങ്ങൾ പരാജയപ്പെടുകയും , പ്രതികൾ രക്ഷപ്പെടുകയും ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു . ആകയാൽ അഡ്വ.രാജേന്ദ്രനെ ഈ കേസിൻ്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും ഒഴിവാക്കി പകരം നിലവിലുള്ള അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിട്ടുള്ള അഡ്വ.രാജേഷ്.എം.മേനോന് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചുമതല നൽകി അദ്ദേഹത്തിന് ഈ കേസ് വാദിക്കാനുള്ള ചുമതല നൽകണം എന്ന് അപേക്ഷിക്കുന്നു.