മിഥുനമാസ പൂജ; ശബരിമല നട തുറന്നു

0
58

പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിച്ചു. പിന്നേട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതിനു ശേഷം ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തര്‍ പതിനെട്ടാം പടികയറി സ്വാമീ ദര്‍ശനം നടത്തി. അയ്യപ്പൻ്റെ തിരുനട തുറന്നതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര തിരുനട മേൽശാന്തി ശംഭു നമ്പൂതിരി തുറന്ന് ദീപങ്ങൾ തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.15 മുതല്‍ 19 വരെയാണ് ശബരിമല നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.

കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മിഥുനം ഒന്നായ 15.06.2022 ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവുംമറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.