കുവൈത്ത് സിറ്റി: കുവൈത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 62 പ്രവാസികള്‍ കൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകരായ ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
പിടിയിലായവരില്‍ 45 പേരും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരായിരുന്നു. നാല് പേരുടെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞതായും 12 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നതായും കണ്ടെത്തി. മറ്റൊരു കേസില്‍ പൊലീസ് അന്വേഷിച്ചിരുന്ന ഒരു പ്രവാസിയെയും പരിശോധനയ്‍ക്കിടെ ജഹ്റയില്‍ പിടികൂടി.
ഒപ്പം ഗതാഗത നിയമങ്ങള്‍ ലംഘിച്ച 32 പേരെയും ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഒരു മൊബൈല്‍ ഗ്രോസറി വില്‍പന കേന്ദ്രവും പിടിച്ചെടുത്തു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.