യു.എസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവെപ്പാക്രമണങ്ങള്‍ക്കെതിരേ ആയിരങ്ങള്‍ തെരുവിലിറങ്ങി

0
85

വാഷിങ്ടണ്‍: യു.എസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവെപ്പാക്രമണങ്ങള്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. വാഷിങ്ടണിലെ നാഷണല്‍ മാളിലേക്ക് നടന്ന റാലിയില്‍ കുട്ടികള്‍മുതല്‍ പ്രായമായവര്‍വരെ പങ്കെടുത്തു.
‘ജനങ്ങളെ രക്ഷിക്കൂ, തോക്കിനെയല്ല’, ‘വിദ്യാലയങ്ങളില്‍ ഭയത്തിന് സ്ഥാനമില്ല’, ‘മതി മതി’ തുടങ്ങിയവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. 2020-നുശേഷം വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി 45,000 പൂക്കൂടകള്‍ പ്രതിഷേധക്കാര്‍ സമരവേദിയില്‍ സമര്‍പ്പിച്ചു. ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്സ്’ എന്ന വിദ്യാര്‍ഥിസംഘടനയാണ് റാലിക്ക് ആഹ്വാനംചെയ്തത്.
ബഫല്ലോ സിറ്റി, ഉവാള്‍ഡെ തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്തിടെയുണ്ടായ കൂട്ടക്കൊലപാതകങ്ങളാണ് തോക്കുനിയന്ത്രണത്തിന് നിയമം വേണമെന്ന ആവശ്യം ശക്തമാക്കിയത്. ബഫല്ലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നടന്ന വെടിവെപ്പില്‍ 10 ആഫ്രോ-അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. ടെക്‌സസിലെ ഉവാള്‍ഡയില്‍ എലിമെന്ററി സ്‌കൂളിലായിരുന്നു ആക്രമണം. 19 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ജീവന്‍ നഷ്ടമായി. രണ്ടുസംഭവത്തിലും കൗമാരപ്രായക്കാരായിരുന്നു അക്രമികള്‍.
തോക്കുകള്‍ വാങ്ങുന്നതിനും കൈവശംവെക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കരടുനിയമത്തിന് ജനപ്രതിനിധിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, സെനറ്റില്‍ നിയമം പാസാകുന്ന കാര്യം സംശയമാണ്. തോക്കുനിയന്ത്രണനിയമത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള എതിര്‍പ്പാണ് കാരണം.