ഇന്ത്യ-റഷ്യ വ്യാപാരബന്ധത്തിൽ ഒപ്പം ചേർന്ന് ഇറാൻ; ചരക്കുകൾ കൈമാറ്റം ചെയ്യാൻ പുതിയ വ്യാപാര ഇടനാഴി തുറന്നു

0
64

തെഹ്റാൻ : പുതിയ വ്യാപാര ഇടനാഴിയിലൂടെ ഇന്ത്യയിലേക്കുള്ള റഷ്യൻ ചരക്കുകളുടെ ആദ്യ കൈമാറ്റം ആരംഭിച്ചതായി ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കമ്പനി. കാസ്പിയൻ കടൽ തുറമുഖ നഗരമായ അസ്ട്രഖാനിലേക്ക് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പുറപ്പെട്ട 41 ടൺ ഭാരമുള്ള 40 അടിയുമുള്ള രണ്ട് കണ്ടെയ്‌നറുകൾ അടങ്ങിയ ചരക്ക് കപ്പലാണ് പുതിയ വ്യാപാര ഇടനാഴിയിലൂടെ കടന്നുപോയത്. അസ്ട്രഖാനിലെ സംയുക്ത ഉടമസ്ഥതയിലുള്ള ഇറാനിയൻ-റഷ്യൻ ടെർമിനലിന്റെ ഡയറക്ടർ ദാരിയുഷ് ജമാലിയാണ് വാർത്ത ഏജൻസികളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടനാഴി പരീക്ഷിക്കുന്നതിനുള്ള ചരക്ക് കൈമാറ്റമാണ് ഇതെന്ന് റിപ്പോർട്ടിൽ ഒരിടത്തും പറയപ്പെടുന്നില്ല. അസ്ട്രഖാനിൽ നിന്ന്, ചരക്ക് കാസ്പിയൻ കടന്ന് വടക്കൻ ഇറാനിയൻ തുറമുഖമായ അൻസാലിയിലേക്ക് എത്തിക്കുകയും റോഡ് മാർഗം പേർഷ്യൻ ഗൾഫിലെ തെക്കൻ തുറമുഖമായ ബന്ദർ അബ്ബാസിലേക്കും മാറ്റും. ശേഷം, അവിടെ നിന്ന് കപ്പലിൽ കയറ്റി ഇന്ത്യൻ തുറമുഖമായ നവാ ഷെവയിലേക്ക് അയയ്‌ക്കുമെന്ന് ഐആർഎൻഎ അറിയിക്കുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പും റഷ്യയിലെയും ഇന്ത്യയിലെയും റീജിയണൽ ഓഫീസുകളുമാണ് കൈമാറ്റം ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നത്. ഇത് പൂർത്തിയാക്കാൻ ഏകദേശം 25 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാനിയൻ-റഷ്യൻ ടെർമിനലിന്റെ ഡയറക്ടർ വ്യക്തമാക്കുന്നു. യുക്രൈൻ- റഷ്യ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നും ഇന്ത്യയിലേയ്‌ക്കുള്ള കയറ്റുമതികൾ വിപുലീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ-റഷ്യ വിപണി ബന്ധം സു​ഗമമാക്കാനും അതിൽ പങ്കാളിയാകാനും ഇറാനും താൽപ്പര്യപ്പെടുന്നുണ്ട്. ഇറാനിയൻ കാസ്പിയൻ കടൽ തുറമുഖങ്ങളിൽ എത്തിച്ചേരുന്ന ചരക്കുകൾ തെക്കുകിഴക്കൻ തുറമുഖമായ ചബഹാറിലേക്ക് മാറ്റാൻ കഴിയുന്ന ഒരു റെയിൽപാത നിർമ്മിക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്.