ഡല്‍ഹിയില്‍ കനത്തചൂടും വരണ്ടകാറ്റും

0
79

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്തചൂടും വരണ്ടകാറ്റും തുടരുന്നു. തിങ്കളാഴ്ച ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
ചൂടുള്ളതും വരണ്ടതുമായ പടിഞ്ഞാറന്‍ കാറ്റ് കാരണമാണ് ഉഷ്ണതരംഗം തുടരുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ഞായറാഴ്ച സഫ്ദര്‍ജങ് ഒബ്സര്‍വേറ്ററിയില്‍ ഒഴികെ മറ്റെല്ലായിടത്തും പരമാവധി താപനില 44 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തി. സഫ്ദര്‍ജങ്ങില്‍ 43.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാള്‍ നാല് പോയന്റ് കൂടുതലാണ്.
അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ 46.7 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ ഏറ്റുവും ഉയര്‍ന്ന താപനില. നജഫ്ഗഡ്, മുംഗേഷ്പൂര്‍, പിതാംപുര, റിഡ്ജ് സ്റ്റേഷനുകളില്‍ യഥാക്രമം 46.4 ഡിഗ്രി സെല്‍ഷ്യസ്, 46.2 ഡിഗ്രി സെല്‍ഷ്യസ്, 45.8 ഡിഗ്രി സെല്‍ഷ്യസ്, 45.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ പരമാവധി ഉയര്‍ന്ന താപനില രേഖപ്പെടുത്തി. വാരാന്ത്യത്തില്‍ ഇടിമിന്നല്‍, മേഘാവൃതമായ ആകാശം, ശക്തമായ കാറ്റും നേരിയ മഴയുമുണ്ടാകാനുള്ള സാധ്യതയുണ്ട്