ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അദ്ദേഹത്തിന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്നും ജെയിനിന്റെ അഭിഭാഷകര്‍ കോടതിയിൽ വാദിച്ചു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ സത്യേന്ദ്ര ജെയിനിൻ കഴിഞ്ഞ 14 ദിവസമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു. അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും , 2.85 കോടി രൂപയുപം രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം.
കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.