കൊറോണ ക്ഷീണം മറികടക്കുന്നു; ദുബായിൽ ഇ-കൊമേഴ്സ് രംഗത്ത് വൻ കുതിപ്പ്

0
73

ദുബായ്: കൊറോണയ്‌ക്ക് പിന്നാലെ ദുബായിൽ ഇ-കൊമേഴ്സ് രംഗത്ത് വൻ കുതിപ്പെന്ന് റിപ്പോർട്ട്. പണം നേരിട്ട് നൽകുന്നതിന് പകരം ഡിജിറ്റൽ ഇടപാട് നടത്തുന്നവരുടെ നിരക്കിൽ വലിയ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നു മാസം 35 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ സർക്കാർ തലത്തിലാണ് ഏറ്റവുമധികം വർധിച്ചത്. റസ്റ്റോറന്റുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആകെ നടത്തിയ ഇടപാടുകളിൽ 45 ശതമാനത്തിൽ കൂടുതൽ ഓൺലൈൻ മുഖേനയാണ് നടന്നിരിക്കുന്നത്. 35 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളേക്കാൾ ഒന്നരമടങ്ങ് വർധന ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ചെറിയ തുകയ്‌ക്കുള്ളതും ഇടത്തരം മൂല്യത്തിനുള്ള ഇടപാടുകളിലും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്നതും വർധിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളിൽ 36 ശതമാനം വർധനയുണ്ടാതായി വാണിജ്യവകുപ്പ് അറിയിക്കുന്നു.

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ 20 ശതമാനമാണ് വർദ്ധന. കോവിഡിന് ശേഷം സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയുള്ള സാധനം വാങ്ങൽ വർധിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം 5 ശതമാനം വർധിച്ചു. ഇ-കോമേഴ്സ് രംഗത്ത് 200 ശതമാനം വരെ വർധനയുണ്ടായെന്നാണ് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖല വ്യക്തമാക്കിയത്.