ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്‌

0
112

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
മലബാറിലെ മാതൃ രൂപതയായ കോഴിക്കോട് രൂപതയുടെ സംഭാവനകളില്‍ ഊന്നിയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ബഫര്‍ സോണ്‍ സുപ്രീം കോടതി വിധിയില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാറെന്ന് അദ്ദേഹം വ്യക്തമാക്കി.
ബഫര്‍സോണ്‍ സുപ്രീകോടതി വിധിയില്‍ കര്‍ഷകര്‍ ആശങ്കയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അനുകൂല നിലപാട് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയായിരുന്നു കോഴിക്കോട് ബിഷപ്പ് മാര്‍ വര്‍ഗ്ഗീസ് ചക്കാലക്കലിന്‍റെ സ്വാഗത പ്രസംഗം. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നായിരുന്നു ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്താത്തലത്തില്‍ പിണറായി വിജയനെ കോഴിക്കോട് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ വിശേഷിപ്പിച്ചത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ. പ്രവീണ്‍ കുമാര്‍ വിട്ടു നിന്നപ്പോള്‍ എം.എല്‍.എ ടി. സിദ്ദീഖ് ചടങ്ങിനെത്തി.എം.കെ. രാഘവന്‍ എം.പിയും ബിജെപി നേതാക്കളേയും ക്ഷണിച്ചിരുന്നെങ്കിലും അവരും ചടങ്ങിനെത്തിയില്ല. അതേസമയം വേദിക്ക് പുറത്ത് സിപിഎം പ്രവര്‍ത്തര്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരുന്നു.