അവിടെ എന്താണ് നടക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല; വീട് പൊളിച്ചു നീക്കിയ വിദ്യാര്‍ഥി നേതാവ് അഫ്രീന്‍ ഫാത്തിമക്കും കുടുംബത്തിനും പൂര്‍ണ പിന്തുണയുമായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ

0
85

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വീട് പൊളിച്ചു നീക്കിയ വിദ്യാര്‍ഥി നേതാവ് അഫ്രീന്‍ ഫാത്തിമക്കും കുടുംബത്തിനും പൂര്‍ണ പിന്തുണയുമായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ. ഈ ദുരിത കാലത്ത് അവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും എം.കെ മുനീര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പ്രയാഗ് രാജിലെ തങ്ങളുടെ വീട് പൊളിച്ച്‌ നീക്കിയത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടി അഫ്രീന്റെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗവുമായ മുഹമ്മദ് ജാവേദിന്റെ അഭിഭാഷകന്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പ്രയാഗ് രാജ് ഡവലപ്മെന്‍റ് അതോറിറ്റിയാണ് ജാവേദിന്റെ വീട് പൊളിച്ചു നീക്കിയത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്തെന്നാരോപിച്ച്‌ ഇന്നലെ മുഹമ്മദ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട് പൊളിച്ചുനീക്കുമെന്ന് അറിയിച്ച്‌ പ്രാദേശിക ഭരണകൂടം അധികം സമയം അനുവദിക്കാതെ നോട്ടീസ് നല്‍കിയിരുന്നു. വന്‍ പൊലീസ് സംഘം ജാവേദിന്റെ വീട് വളഞ്ഞാണ് പൊളിക്കല്‍ നടപടികള്‍ ചെയ്തത്.

പ്രദേശത്തെ മുഴുവന്‍ മുസ്ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു. പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 70 പേരെയാണ് പ്രയാഗ് രാജില്‍ നിന്നും ഇതുവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് ജാവേദ് എന്നാണ് പൊലീസ് ആരോപിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്നു കാണിച്ച്‌ മകള്‍ അഫ്രീന്‍ ഫാത്തിമ ദേശീയ വനിത കമീഷന് പരാതി നല്‍കിയിരുന്നു. അറിയിപ്പോ വാറന്റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു എന്ന് അഫ്രീന്‍ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

”അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചു കൊണ്ടുപോയ എന്റെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പര്‍വീണ്‍ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്. യാതൊരുവിധ അറിയിപ്പോ വാറന്റോ കൂടാതെയാണ് പൊലീസ് എന്റെ കുടുബത്തെ പിടിച്ചു കൊണ്ടുപോയത്. അവരെവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല” അഫ്രീന്‍ പരാതിയില്‍ വിവരിച്ചു.

എന്നാല്‍ ജാവേദും മകള്‍ അഫ്രീനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് യു.പി പൊലീസ് ആരോപിച്ചു. ജെ.എന്‍.യുവില്‍ പഠിക്കുന്ന അഫ്രീന്‍ കുപ്രസിദ്ധയാണെന്ന് പ്രയാഗ രാജ് എസ്.എസ്.പി പരിഹസിച്ചു. അലിഗഢ് യൂണിവേഴ്സിറ്റി യൂനിയന്‍ മുന്‍ പ്രസിഡന്റും നിലവില്‍ ജെ.എന്‍.യു യൂനിയന്‍ കൗണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീന്‍. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ മുന്നൂറിലധികം പേരെയാണ് യു.പിയില്‍ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുന്‍ കേരള ഡിജിപി എന്‍.സി അസ്താന ഈ ദൃശ്യങ്ങള്‍ മനോഹരമെന്ന് വിശേഷിപ്പിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു.