Sunday
11 January 2026
24.8 C
Kerala
HomeKeralaഅയിരൂർ ബാബു കൊലക്കേസ്: വിചാരണ ഇന്ന് തുടങ്ങും

അയിരൂർ ബാബു കൊലക്കേസ്: വിചാരണ ഇന്ന് തുടങ്ങും

തിരുവനന്തപുരം: ലോട്ടറി കച്ചവടക്കാരനായിരുന്ന അയിരൂർ പാണിൽ കോളനി ഒലിപ്പുവിള വീട്ടിൽ ബാബുവിനെ (58)​ കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് തുടങ്ങും. നെയ്യാറ്റിൻകര, പെരുമ്പഴുതൂർ മൊട്ടക്കാട് കോളനിയിൽ ബിജോയ് (25),​ ഇലകമൺ പാണിൽ ലക്ഷം വീട് കോളനിയിൽ താമസക്കാരായ സൈജു (32),​ സജീവ് (22) എന്നിവരാണ് കേസിലെ പ്രതികൾ. ആറാം അഡിഷണൽ സെഷൻസ് ജ‌ഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.

2015 ജനുവരി 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സൈജു പാണിൽ കോളനിയിലെ പൊതുടാപ്പിന് സമീപം ഉടുതുണിയില്ലാതെ കുളിച്ചത് വിലക്കിയതാണ് വിരോധത്തിന് കാരണം. സംഭവ ദിവസം രാത്രി 9ന് പ്രതികൾ പൊതു ടാപ്പിനടുത്തെത്തി. സൈജു തുണിയില്ലാതെ കുളിക്കുന്നത് ബാബു ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ബിജോയി ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ബാബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ബാബുവിന്റെ മകൾ മിനിമോൾ, ഭാര്യ സിന്ധു എന്നിവർ ദൃക്‌സാക്ഷികളാണ്. പ്രോസിക്യൂഷന് വേണ്ടി എം. സലാഹുദീൻ കോടതിയിൽ ഹാജരാകും. വർക്കല സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി. വിനോദാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

RELATED ARTICLES

Most Popular

Recent Comments