സംസ്ഥാന പുരസ്‌കാര നിര്‍ണയത്തെ വീണ്ടും വിമര്‍ശിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സംസ്ഥാന പുരസ്കാരത്തിന്റെ ജൂറി അംഗങ്ങളില്‍ എത്ര മലയാളികള്‍ ഉണ്ടായിരുന്നു എന്ന് ഷൈന്‍ ചോദിക്കുന്നു.
മലയാളികള്‍ തന്നെ മലയാളം സിനിമയെ വിലയിരുത്തണം എന്ന് അദ്ദേഹം പറയുന്നു. ‘അടിത്തട്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈനിന്റെ പ്രതികരണം.
‘എത്ര സിനിമകള്‍ ഉണ്ട്? 160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസവും കാണാന്‍ പറ്റില്ലല്ലോ. ജഡ്ജ് ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
‘നമ്മുടെ നാട്ടിലുള്ള ഒരാളെ ജൂറിയാണ് വെക്കാം. അതാവുമ്ബോള്‍ കഴിഞ്ഞ ഒരു വര്‍ഷം അയാളുടെ ജീവിതത്തിലൂടെ കടന്നു പോയ സിനിമകള്‍ അല്ലേ ഇതൊക്കെ. നമ്മുടെ നാട്ടിലുള്ള ഒരാളാകുമ്ബോള്‍ മുഴുവന്‍ സിനിമ കാണണം എന്നില്ല ഒരു സിനിമയെ വിലയിരുത്താന്‍. വേറെ ഒരു ഭാഷയിലെ വ്യക്തി വരുമ്ബോള്‍ അങ്ങനെയല്ല’, ഷൈന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ‘കുറുപ്പ്’ എന്ന സിനിമയെ മാറ്റി നിര്‍ത്തിയെന്ന് ഷൈന്‍ ആരോപിച്ചിരുന്നു. തന്റെ പുതിയ സിനിമ ‘അടി’ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാന് ഷൈന്‍ എഴുതിയ കുറിപ്പിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെക്കുറിച്ച് പരാമര്‍ശിച്ചത്. കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘കുറിപ്പി’നെ മാറ്റി നിര്‍ത്തിയതോടെ അറിയാമല്ലോയെന്നാണ് ഷൈന്‍ കുറിച്ചത്. തങ്ങളുടെ പുതിയ ചിത്രം ‘അടി’ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും താന്‍ നിറഞ്ഞ മനസ്സോടെയാണ് വേഷം ചെയ്തതെന്നും താരം കുറിപ്പില്‍ പറയുന്നു.
‘പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, ഞാന്‍ നിറഞ്ഞ മനസ്സോടെയാണ് ഈ സിനിമ ചെയ്തത്. സിനിമ തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവും മികച്ച പ്രതികരണം കാഴ്ച വച്ചു. രതീഷിന്റെ എഴുത്തും. കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന നിനക്ക് അറിയാമല്ലോ. സംസ്ഥാന അവാര്‍ഡ് കമ്മിറ്റി നമ്മുടെ ‘കുറുപ്പി’നെ ഒഴിവാക്കിയത് പോലെ. നിങ്ങളുടെ മറുപടിക്ക് കാത്തിരിക്കുന്നു’, എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ്.