സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഡോർ തുറന്നു, രക്ഷപ്പെടാൻ കാറും, പെട്രോൾ പമ്പിൽ ഭാര്യയും ഭർത്താവും നടത്തിയ മോഷണം

0
70

എറണാകുളം: പറവൂർ ചെറായിയിൽ പെട്രോൾ പമ്പിൽ മോഷണം നടത്തിയ ഭാര്യയും ഭർത്താവും പിടിയിൽ. കളവ് നടത്തി 48 മണിക്കൂറിനകമാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ റിയാദും ഭാര്യയും പിടിയിലായത്. ഇരുവരും ചേർന്ന് മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തൃശൂർ പട്ടിക്കാട് സ്വദേശി റിയാദും ഭാര്യ ജ്യോത്സനയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ ചെറായിയിലെ രംഭ ഫ്യൂവൽസിലായിരുന്നു മോഷണം. പമ്പിലെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന റിയാദ് ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയും മൊബൈൽ ഫോണും കവർന്നു.

ഈ സമയം പുറത്ത് കാറിൽ കാത്ത് നിൽക്കുകയായിരുന്നു ഭാര്യ ജ്യോത്സന. സിസിടിവിൽ വെള്ള ജാക്കറ്റ് ധരിച്ച റിയാദിനെ മാത്രമാണ് കണ്ടതെങ്കിലും മോഷണത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഒരു സ്ത്രീ കൂടി കൂട്ടത്തിലുണ്ടെന്ന് വ്യക്തമായത്. മുനമ്പം ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിൽ അ‍ഞ്ച് സംഘങ്ങളായി തിരി‍ഞ്ഞായിരുന്നു അന്വേഷണം. അത്താണിയിലെ ലോഡ്ജിൽ നിന്നാണ് ജ്യോത്സനയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനൊടുവിൽ റിയാദിനെയും പിടികൂടി. ഇവരിൽ നിന്ന് പെട്രോൾ പമ്പിലെ വാതിൽ കുത്തിത്തുറക്കാനുപയോഗിച്ച സ്ക്രൂ ഡ്രൈവും രക്ഷപ്പെടാനുപയോഗിച്ച കാറും കണ്ടെടുത്തു.

തൃശൂരിൽ സമാനമായ വിധത്തിൽ നിരവധി പെട്രോൾ പന്പുകളിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ റിയാദ്. ചിട്ടയായ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ മോഷണം നടന്ന് 48 മണിക്കൂറിനുള്ളിൽ പിടിക്കാനായതെന്ന് എറണാകുളം റൂറൽ എസ്പി കെ.കാർത്തിക് അറിയിച്ചു.